Saturday, May 20, 2017

നീ


ആറ്റിക്കുറുക്കി
നീ പറയുന്ന വാക്കുകൾ
കൊടും ചൂടിലെ
ചാറ്റൽ മഴ.

പെയ്യുമ്പോൾ വല്ലാതെ കൊതിക്കും;
പെയ്തു തോർന്നാൽ ,
അതിശക്തമായ,
ശ്വാസം മുട്ടിക്കുന്ന പുഴുക്കം.

പിന്നെയത് മാറാൻ
മഴ ആർത്തു പെയ്യണം;
നീ ആർത്തു ചിരിക്കണം.

Thursday, March 02, 2017

ഞാനും നീയും ...


ഞാൻ നിന്നിലേയ്ക്കു ചുരുങ്ങുമ്പോഴാണ്
നമ്മുടെ ലോകം ഉണ്ടാവുന്നത്

നീ എന്നിലേയ്ക്കു  അലിയുമ്പോഴാണ്
ഞാൻ എന്നെ അറിയുന്നത്

ഞാൻ എന്നിലേക്കു തിരിയുമ്പോഴാണ്
ഞാൻ നിന്നെ അറിയുന്നത് ,
നമ്മുടെ ലോകം ഉണ്ടാവുന്നത് !!!

Friday, June 05, 2015

വെള്ളാരങ്കല്ലുകൾ

"ചേച്ച്യേ.... ആലിപ്പഴം വീണു കട്ടപിടിച്ചിട്ടാണോ വെള്ളാരംകല്ലുണ്ടായേ...."

ആഹാ... ഉണ്ണിക്കുട്ടനാ...
ഇതിപ്പൊ എന്താ പറഞ്ഞു കൊടുക്കാ... വെക്കേഷൻ ആയൊണ്ട്എനിക്കായി തലവേദന...
ഇല്ലെങ്കിൽ സ്കൂളിലെ ചോദ്യങ്ങളെ ഉണ്ടാവറുള്ളു..

"വാ... പറയാം..."
കുളപ്പടിയിലേയ്ക്ക്അവൻ ഓടി വന്നു...
ചാമി പയ്യൻ കുളത്തിൽന്നു കണ്ണൻ മീനിനെ പിടിക്കുണോടത്തൂന്നു തിരിഞ്ഞു നോക്കി... ചിരിച്ചു...

"പറ ചേച്ച്യേ... ആലിപ്പഴാണോ വെള്ളാരങ്കൽ ആവ്വാ..."
അവന്റെ ക്ഷമ പോയി തുടങ്ങി...

"ഉണ്ണീ... ആലിപ്പഴം നമ്മുടെ മുറ്റത്തെ കരിങ്കല്ലിലേക്കു വീഴുന്നത്കണ്ടിട്ടില്ല്യേ...  വീണ ആലിപ്പഴങ്ങൾ പതുക്കെ കരിങ്കല്ലിലേയ്ക്കു അലിഞ്ഞു ചേരും... ആലിപ്പഴത്തിന്റെ തിളക്കൂം കരിങ്കല്ലിന്റെ ബലവുമായി വെള്ളാരംകല്ലുണ്ടാവും..."

"അതാല്ലെ വരാന്തേടെ ചോട്ടിൽ കരിങ്കൽ കൂട്ടത്തിൽ കുറേ വെള്ളാരങ്കല്ലു കെടക്കണേ.... "
അവൻ നിഷ്കളങ്കമായി ചോദിച്ചു;
ഞാൻ തലയാട്ടി...

അവൻ ചിരിച്ചു കൊണ്ടോടി...

ചാമി കണ്ണൻ മീനുകളെ പിടിച്ചു കഴിഞ്ഞു... ഞാനും കുളപ്പടവുകൾ കേറി വെള്ളാരങ്കല്ലുകളെ നോക്കി നിന്നു...

Tuesday, May 26, 2015

ഒരു കുന്നിക്കുരു കഥ

ഒരു ദിവസം ഊണു കഴിഞ്ഞ്‌ കോലയിലിരിക്കുമ്പൊ  കുറച്ചു മഞ്ചാടിക്കുരുക്കളും ഇത്തിരി  ഉണക്കാൻ വെച്ച പുളിങ്കുരുക്കളും വന്നു... തൊട്ടു കളീം  ഒളിച്ചു കളീം ആയി കുറേ നേരം പോയി... ഇത്തിരി കഴിഞ്ഞപ്പൊ പുളിങ്കുരുക്കളെ അമ്മ കൊണ്ടോയി... വറക്കാൻ...

പോവാൻ നേരം കുറച്ചു പുളിങ്കുരു വന്നു മഞ്ചാടിക്കുരുക്കളെ ഉമ്മ വെച്ചു...
ആ മഞ്ചാടിക്കുരുക്കൾക്കൊരു മറുകു വെച്ചു... അതിനെ കുന്നിക്കുരു എന്നു വിളിച്ചു...

അങ്ങനെയാണു കുന്നിക്കുരു ഉണ്ടായെ കേട്ടോ ഉണ്ണ്യേ....

കുസ്രുതി ചോദ്യങ്ങളായി ഉണ്ണി പിന്നേയും വരുന്നുണ്ട്‌...
കഥകൾ മെനഞ്ഞു കൊടുക്കാൻ ഞാനും കാത്തിരിക്ക്യാ...

Tuesday, May 05, 2015

പ്രണയം

ഒരു പേമാരിയായി വന്ന്
ഒരു വേനൽക്കാലം സമ്മാനമായി
തന്നു പോവുന്ന തോന്നൽ...

Friday, June 07, 2013

നന്ദി - ഈ രാത്രിക്ക്

മഴ വെള്ളം കുതിച്ചൊഴുകുകയാണ്  ആ ഇടവഴിയിലൂടെ...
നുരയും പതയും വന്നു തിരക്കി കൂട്ടി 
വഴിയിൽ  കിടന്ന കോലും ഇലയും എല്ലാം 
കൂടെ പോവുന്നുണ്ട് ...
തിരക്കിട്ടോടുന്ന ഈ പോക്ക് 
ബസ്സിൽ സീറ്റിനു വേണ്ടി 
ഓടാറുള്ള കാഴ്ചക്ക് സാമ്യം 
ഒറ്റ വ്യത്യാസം -
ബസ്സ്‌ യാത്രയ്ക്കൊരു ലക്ഷ്യമുണ്ട് 
മഴചോലയിൽ ആണെങ്കിലോ ?
കൂടെ പോവുന്നഒന്നിനും അറിയില്ല 
എവിടേക്കാ  പോവുന്നെ എന്ന്...
എവിടെയെങ്കിലും കുടുങ്ങാം,-
ചിലപ്പോ ലക്‌ഷ്യം കാണാം 
അല്ലെങ്കിൽ ,
ഒരു അന്തമില്ലാത്ത ഓടിപാച്ചിൽ !!!

അതെ, ഒരു അന്തവുമില്ല -
സ്വപ്നങ്ങള്ക്കും യാഥർത്യങ്ങൾക്കും 
മഴക്കും 
ഈ എഴുത്തിനും..
സത്യം !!!

മഴ- ചില ഓർമപ്പെടുതലുകൾ ആണ്‌ 
നേർത്ത നനവുള്ള, കുളിര് കോരിക്കുന്ന ,
ചിലപ്പോ നൊമ്പരപെടുത്തുന്ന 
ചില നിമിഷങ്ങളുടെ ,
അല്ലെങ്കിൽ ചില തിരിച്ചറിവകളുടെ
ഒരു ഓർമ പെടുത്തൽ..

ഇപ്പൊ പെയ്യുന്ന ഈ മഴക്ക് ,
ഈ രാത്രിക്ക്...
നന്ദി...

Sunday, February 10, 2013

ദൂരെ കാണുന്ന ചിലത്



ദൂരെ കാണുന്ന പച്ചയത്രയും 
കുന്നുകളാണ് പോലും 
ആ കുന്നുകളിലത്രയും 
വലിയ മരങ്ങളും 
കുഞ്ഞു പുല്‍നാമ്പുകളും  ആണത്രെ-
അങ്ങനെയാണെങ്കില്‍ 
ആ കുന്നിന്റെ മുകളില്‍ 
കയറിയാല്‍ എങ്ങനെ ആകാശം 
തൊടാന്‍ പറ്റും ?
അതിന്റെ മുകളില്‍ പിന്നെയും കുന്നുകളും 
മരങ്ങളും പുല്ലുകളും മാത്രമല്ലെ?
ഒരു തുടര്‍ച്ചയായ് 
പച്ച അങ്ങനെ പരന്നു കിടക്കുന്നു.