Friday, June 05, 2015

വെള്ളാരങ്കല്ലുകൾ

"ചേച്ച്യേ.... ആലിപ്പഴം വീണു കട്ടപിടിച്ചിട്ടാണോ വെള്ളാരംകല്ലുണ്ടായേ...."

ആഹാ... ഉണ്ണിക്കുട്ടനാ...
ഇതിപ്പൊ എന്താ പറഞ്ഞു കൊടുക്കാ... വെക്കേഷൻ ആയൊണ്ട്എനിക്കായി തലവേദന...
ഇല്ലെങ്കിൽ സ്കൂളിലെ ചോദ്യങ്ങളെ ഉണ്ടാവറുള്ളു..

"വാ... പറയാം..."
കുളപ്പടിയിലേയ്ക്ക്അവൻ ഓടി വന്നു...
ചാമി പയ്യൻ കുളത്തിൽന്നു കണ്ണൻ മീനിനെ പിടിക്കുണോടത്തൂന്നു തിരിഞ്ഞു നോക്കി... ചിരിച്ചു...

"പറ ചേച്ച്യേ... ആലിപ്പഴാണോ വെള്ളാരങ്കൽ ആവ്വാ..."
അവന്റെ ക്ഷമ പോയി തുടങ്ങി...

"ഉണ്ണീ... ആലിപ്പഴം നമ്മുടെ മുറ്റത്തെ കരിങ്കല്ലിലേക്കു വീഴുന്നത്കണ്ടിട്ടില്ല്യേ...  വീണ ആലിപ്പഴങ്ങൾ പതുക്കെ കരിങ്കല്ലിലേയ്ക്കു അലിഞ്ഞു ചേരും... ആലിപ്പഴത്തിന്റെ തിളക്കൂം കരിങ്കല്ലിന്റെ ബലവുമായി വെള്ളാരംകല്ലുണ്ടാവും..."

"അതാല്ലെ വരാന്തേടെ ചോട്ടിൽ കരിങ്കൽ കൂട്ടത്തിൽ കുറേ വെള്ളാരങ്കല്ലു കെടക്കണേ.... "
അവൻ നിഷ്കളങ്കമായി ചോദിച്ചു;
ഞാൻ തലയാട്ടി...

അവൻ ചിരിച്ചു കൊണ്ടോടി...

ചാമി കണ്ണൻ മീനുകളെ പിടിച്ചു കഴിഞ്ഞു... ഞാനും കുളപ്പടവുകൾ കേറി വെള്ളാരങ്കല്ലുകളെ നോക്കി നിന്നു...