Friday, July 09, 2010

"തുമ്പി നക്ഷത്രം "

മഴയൊന്നൊഴിഞ്ഞ സമയം ആണ്. വെള്ളം പിടിക്കാന്‍ വെച്ച ബക്കറ്റിലേക്ക് അവസനത്തെ തുള്ളിയും വീണു.മാറി മാറി വരുന്ന ഓളങ്ങള്‍ എണ്ണി മടുത്തു ഉണ്ണിക്ക്.ബക്കറ്റും നിറഞ്ഞു തുളുമ്പാന്‍ തുടങ്ങി.

അവിടെയിവിടെയായി കാലം തെറ്റി പൂത്ത തുമ്പപ്പൂവിലും മുക്കുറ്റിയിലും ഒരു തുമ്പി പാറികളിക്കുന്നുണ്ടല്ലൊ!
പതിയെ,നനഞ്ഞ മണ്ണില്‍ കുഞ്ഞിക്കാല്‍ പതിച്ച് ഉണ്ണി തുമ്പിയെ പിടിക്കാന്‍ നോക്കുമ്പോള്‍, "അരുതുണ്ണീ,പാവം ണ്ട്.." ,അമ്മ പറഞ്ഞു.ഉണ്ണിയുണ്ടൊ കേള്‍ക്കുന്നു. പമ്മി പമ്മി ചിറകു പിടിച്ച് കല്ലെടുപ്പിക്കാ ഉണ്ണി.
വലിയ കരിങ്കല്ലില്‍ അള്ളിപിടിച്ച് തുമ്പി കഷ്ടപെടുകയാണ്.പാവം അതിനു പൊക്കാന്‍ പറ്റുന്നില്ല.ഉണ്ണിക്കു ദേഷ്യം വന്നു.
"ഈ തുമ്പിയെന്താ കല്ലെടുക്കാത്തെ-"

അവന്‍ അതിന്റെ ചിറകുപിടിച്ചു ഞെരിച്ചു. ചിറകറ്റ തുമ്പി പിടഞ്ഞു വീണു.
ഉണ്ണി ഇപ്പൊ ശരിക്കും പേടിച്ചു. മച്ചിന്റെ മുന്‍പില്‍ നാമം ചൊല്ലി ഇരിക്കുന്ന മുത്തശ്ശിയോട് അവന്‍ ചൊദിച്ചു:
"മരിച്ചാ മുത്തശ്ശീ എല്ലം നക്ഷത്രങ്ങള്‍ ആവ്വോ ?"

"ഉവ്വല്ലോ, രാത്രി നമുക്ക് കാണാലോ..."
പിന്നെയും മുത്തശ്ശി എന്തൊക്കെയോ പറയുന്നുണ്ട് .അവന്‍ എണീറ്റു പോന്നു.


അന്നു രാത്രി, ആ ഇടനാഴിയിലെ കിളിവാതിലിനപ്പുറം കറുത്ത ആകാശവും മിന്നുന്ന മിന്നാമിന്നികളേയും നോക്കി തൂണും ചാരി ഇരിക്കുമ്പോള്‍ അവന്‍ മെല്ലെ ചോദിച്ചു: "അതിലേതാ തുമ്പി നക്ഷത്രം ..?

Friday, June 18, 2010

കാഴ്ച്ചയ്ക്കപ്പുറം ...

കാലം മായ്ക്കാത്ത മുറിപ്പാടുകളെ ഒരു വലിയ ഭാണ്ഡക്കെട്ടിലാക്കി അതിനു മേലെ ഒരു കഷ്ണം കയറു കൊണ്ടു കെട്ടി വലിച്ചു തള്ളപ്പെട്ട കുറെ കെട്ടുകള്‍ ആണിവര്‍ .പഴുത്തു തുടങ്ങിയ വ്രണങ്ങളില്‍ ആറ്ക്കുന്ന ഈച്ചകളെ പോലും ആട്ടിമാറ്റാന്‍ പോലും ആവാത്ത വിധം ചങ്ങലക്കിട്ട കുറെ പാവം മൃതങ്ങള്‍ .


ഏറെ നേരവും വിദൂരതയിലേക്കു കണ്ണും നട്ട് ഇരിക്കുന്ന കുറെ രൂപങ്ങള്‍ .തികച്ചും യാദൃശ്ച്ചികമായാണു ആ വൃദ്ധ സദനം എന്റെ ശ്രദ്ധയില്‍ പെട്ടത് .കോഴിക്കോട്ടു നിന്നും വരുമ്പോള്‍ റോഡു പണി കാരണം ബ്ലോക്കായപ്പോള്‍ ബസ് മറ്റൊരു വഴിയിലൂടെ തിരിഞ്ഞു.തികച്ചും അപരിചിതമായ , കേട്ടൊരുപാട് സുപരിചിതമായ ആ വഴികളിലൂടെ, ഒരു ഇടുങ്ങിയ റോഡിലൂടെ ആ ബസ് പാഞ്ഞു പോവുക ആയിരുന്നു.പെടി ബസ് സ്റ്റോപ്പുകളും അതിനു സമീപം ഉള്ള പെട്ടിപ്പീടികകളും എല്ലാമിങ്ങനെ കാഴ്ച്ചയില്‍ തെളിഞ്ഞും മങ്ങിയും പോകുന്നതിനിടയില്‍ ,തീര്ത്തും അപ്രതീക്ഷിതമായി ഞാന്‍ അതു കണ്ടു. വൃ ദ്ധസദനം .വായിക്കുമ്പോള്‍ നിങ്ങള്ക്കു തൊന്നാം ഇതിലെന്താ ഇത്ര അദ്ഭുതപ്പെടാന്‍ എന്നു അല്ലെ.ഉണ്ട് .കാരണം ഞാന്‍ അറിഞ്ഞിരുന്നില്ല എന്റെ നാട്ടില്‍ ഈ സം ഭവം ഉണ്ടെന്ന്!
അടുത്തിരുന്ന എന്റെ ഫ്രണ്ടിനോടു ചോദിക്കുകയും ചെയ്തു.നമ്മുടെ നാട്ടിലും ഉണ്ടൊ? അതു കൊണ്ടാവാം പിന്നെ ആകെ ഒരു അസ്വസ്തത അനുഭവപ്പെട്ടു.കാഴ്ചചയിലെ ജീര്‍ണത ഉള്ളിലേക്കും മെല്ലെ വ്യാപിച്ചു തുടങ്ങി.

ഒരു മഴ ചാറ്റന്‍ കൊണ്ടാല്‍ വാല്സല്യത്തൊടെ ശകാരിക്കുന്ന അമ്മയുടേ മുഖം - പനി പിടിക്കുമ്പോള്‍ ശ്രദ്ധിക്കുന്നതു പോരാ എന്നു പറഞ്ഞ് അമ്മയെ ചീത്ത പറയുന്ന അച്ഛന്റെ മുഖം - ഉള്ളിലൊരു വേദന അരിച്ചിറങ്ങി . അസുഖം വന്നു ഹോസ്റ്റലില്‍ നില്ക്കുമ്പോഴാണു അമ്മയുടെ 'വില' മനസ്സിലാവുന്നത് .ചുമച്ചു ചുമച്ചു വയ്യാതാവുമ്പ്പോള്‍ കറ്പ്പൂരാദി ചൂറ്ന്നം എടുത്തു തരാന്‍ അവിടെ അമ്മ ഇല്ലല്ലൊ. കൂടെ കിടക്കുന്ന കൂട്ടുകാരിക്ക് ചുമ കേട്ട് ഉറങ്ങാന്‍ പറ്റിയില്ലെങ്കിലോ കരുതി ആ രാത്രിയില്‍ ലൈറ്റിടാതെ അലമാരിയില്‍ വെച്ച കറ്പ്പൂരാദി ചൂര്ണ്ണം എടുത്തു കഴിക്കുമ്പോള്‍ കണ്ണില്‍ പൊടി വീണെന്നു തോന്നുന്നു.വെള്ളം പൊടിഞ്ഞു..! ഉള്ളില്‍ ഒരു പിടച്ചില്‍ ബാക്കി വെച്ച് ആ രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അന്നെനിക്കു വല്ലാതെ തണുത്തിരുന്നു!

പിറ്റേന്നു കുളി കഴിഞ്ഞു റൂമില്‍ ഇരിക്കുമ്പോളാണു അമ്മയുടെ ഫോണ്‍ കോള്‍ വരുന്നത്.
"ഇന്നലെ ഉറങ്ങിയില്ലെ, അസുഖം കുറവില്ലെ, നിനക്കു വെഷമമൊന്നുമില്ലല്ലൊ?...,"പതിവു പോലെ ആശങ്കയോടു കൂടിയ ചോദ്യങ്ങള്‍ ..
"ഒരു കുഴപ്പവുമില്ലമ്മെ.." പറയുമ്പോള്‍ ഉള്ളില്‍ കനത്തു നിന്നിരുന്ന ആ മഞ്ഞ് ഉരുകാന്‍ തുടങ്ങിയോ?
"എന്നാല്‍ വൈകീട്ടു വിളീക്കാം . ബസ് വന്നു. ഭക്ഷണം കഴിക്ക് പോയീട്ട്." എന്നു പറഞ്ഞ് അമ്മ വെച്ചു.

ഇതാണു അമ്മ.എന്തുണ്ടായാലും അമ്മയ്ക്കു മനസ്സിലാവും .വല്ലാത്തൊരു കാന്തിക ശക്തിയാ ആ വാക്കിനു.മക്കളുടെ ഉള്ളു പിടഞ്ഞാല്‍ അമ്മ അതു അപ്പൊ അറിയും ..

"എടപ്പാള്‍ ഇറങ്ങേണ്ടവര്‍ ഇവിടെ ഇറങ്ങിക്കൊ..."
കണ്ടക്റ്റര്‍ വിളിച്ചു പറഞ്ഞു..

അവിടെ ഇറങ്ങി റോഡ് മുറിച്ചു കടന്നു മാറി കേറാനുള്ള ബസ്സു നോക്കി പോകുമ്പോള്‍ എന്റെ ഫോണില്‍ അമ്മയുടെ നമ്ബര്‍ കറങ്ങി.
""അമ്മേ ഞാന്‍ എടപ്പാള്‍ എത്തി ട്ടൊ, ഇപ്പൊ വരാം ...!"

ഒരു വൃ ദ്ധസദനം എന്നെ എന്തൊക്കെയോ മനസ്സിലാക്കിപ്പിച്ചു. പറഞ്ഞു തരാന്‍ വയ്യാത്ത ഏതൊക്കെയോ അറ്ത്ഥലങ്ങളിലേക്ക് എന്നെ കൊന്ടുപോയി.ഇതു പോലെ മക്കളെ സ്നേഹിച്ച അച്ഛനമ്മമാര്‍ അല്ലെ അവിടെയും .എന്റെ അമ്മ ,അച്ഛന്‍ ,-ഇല്ല എനിക്കു സങ്കല്പ്പിക്കാനാവില്ല.ആരാരുമില്ലാതെ അനാഥരാവാന്‍ വിധിക്കപ്പെട്ടവര്‍ അല്ല ഇവര്‍ .

ഈ ലോകത്തെ എല്ലാ അച്ഛനമ്മമാര്‍ക്കുംവേണ്ടി...