Tuesday, November 13, 2012

കാറ്റാടിക്കഥ


അന്നു വിടര്‍ന്ന  ഓരോ പൂവിനും
പുതിയോരോ കഥകള്‍ പറയാനുണ്ടായിരുന്നു.
ആ ഓരോ കഥകളിലും
പിന്നെയോരുപാട്  ഉപകഥകളും.

കഥകളും ഉപകഥകളും
പിന്നെയിത്തിരി നുണ കഥകളും,
കടങ്കഥകളും
അതിനുത്തരങ്ങളും
മറുചോദ്യങ്ങളും
തമ്മില്‍ പറഞ്ഞും കലഹിച്ചും
കാറ്റാടിക്കഥകള്‍
കാറ്റില്‍ പറത്തിയും
നേരം കളഞ്ഞൊരു കാലം.

ഇന്ന് , ഈ പഴയ ചെടിച്ചട്ടിയില്‍
പുതിയ പൂവിന്റെ അരികത്തു
മറ്റൊരു കഥയ്ക്കായ്‌
കാതോര്ത്തിരികുമ്പോള്‍
അലറി വന്നൊരു കാറ്റ് -
പറിച്ചു കളഞ്ഞത്
പറന്നു പഴകിയ
എന്റെ ചിറകുകളെ മാത്രമല്ല-

ഒരു പുതു പിറവിയുടെ സ്വപ്നങ്ങളെയും
അത് പറയാന്‍ ബാക്കി വെച്ച
കുറെ കഥകളെയും.

Saturday, July 14, 2012

വീട്



ഒരു വീട് പണിയണം -

ആ വീടിനു  
കതകുകള്‍ ഇല്ലാത്ത ജനാലകള്‍ വേണം 
കാറ്റും ശബ്ദവും കയറി വരാന്‍

ചുറ്റിലും പച്ച പുല്ലുകള്‍ വേണം .
അവിടെ തുമ്പികളും പൂമ്പാറ്റകളും 
പറന്നു നടക്കണം.

കുറെ  മരങ്ങളും 
മതില്‍ വരമ്പുകള്‍ 
ഇല്ലാത്തൊരു മുറ്റവും 

രാത്രിയില്‍ ചീവിടുകള്‍ കരയണം
മഴ ആര്‍ത്തു  പെയ്യുമ്പോള്‍ -

ശീതലായ് മഴത്തുള്ളികള്‍ 
ഈ ജനാലയിലൂടെ വീശി  വരണം
ആ മഴയില്‍ ചേര്‍ന്നലിഞ്ഞു 
എനിക്കുറങ്ങണം .



Sunday, June 17, 2012

കറുപ്പ്.


ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രം
വരയ്ക്കാന്‍ ഇരുന്നതാണ് .

മഴ പെയ്ത നാട്ടു വഴിയാണ് ഫ്രെയ്മില്‍-
നനഞ്ഞു കുതിര്‍ന്ന ഇലകള്‍
പച്ചയുടെ ഭംഗി കൂട്ടുന്നുണ്ട്.

ഇതൊരു കളര്‍ ചിത്രം
അല്ലാത്തതുകൊണ്ട് 
പച്ചയ്ക്ക് പകരം കറുപ്പ് .
വെള്ളം ചാലിച്ചു ലൈറ്റ് ആക്കിയെടുത്ത 
കറുപ്പാണ് 
വെള്ളത്തുള്ളികള്‍.

ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്  ടയില്സിനു
തിളക്കം കൂടിയിട്ടുണ്ട്.

ഒപ്പിയെടുകുകയായിരുന്നു
ഈ പച്ചയും കറുപ്പും വെളുപ്പും എല്ലാം
കറുപ്പിന്റെ ഷയ്ടുകളില്‍.

ആരുടെയോ കോള്‍ വന്നു
പോയി തിരിച്ചെത്തിയപ്പോഴേക്കും
ഈ കാന്‍വാസിലാകെ 
കറുപ്പ്  പരന്നു
പോയിരുന്നു...

ഇപ്പൊ കറുപ്പ് മാത്രം.

Tuesday, June 12, 2012

വീണ്ടുമൊരു ബ്ളോഗ് ...

വളരെ നാളുകള്‍ക്ക് ശേഷം വീണ്ടുമൊരു ശ്രമം...
പലപ്പോഴും പകുതി വരെ എഴുതി വെച്ച പലതും മുഴുവനുമായി മായ്ച്ചു  സിസ്റ്റം ലോഗൌട്ട് ചെയ്തു കിടന്നുറങ്ങുകയാണ് പതിവ്...
ഇതും അതാവുമോ എന്ന് കണ്ടറിയണം...
വഴിലെപ്പോഴോക്കെയോ കിട്ടിയ വരികളും വാക്കുകളും ചിത്രങ്ങളെല്ലാം മറന്ന പോലെ...
ഇരുട്ട് പിടിച്ചതാണോ അതോ ഓര്‍മ്മകള്‍ പൊടിപിടിച്ചു പോയതാണോ...? അറിയില്ല...
ഈ തണുത്ത കാറ്റിനും ആകാശത്തിനും മേഘങ്ങള്ക്കുമെല്ലാം ഒരു പ്രത്യേക ഭംഗി തോന്നുന്നു...
ഇവിടെ ഇപ്പൊ ഇരിക്കുമ്പോള്‍ , എന്റെ ആ ചെറിയ കാന്‍വാസും പൊട്ടിയ ക്രയോന്‍സ് പെന്‍സിലുകളും പഴയ ഡയറിയും എനിക്ക് തിരിച്ചു വേണം എന്ന് തോന്നുന്നു... 
എന്തൊക്കെയോ നേടാന്‍ എങ്ങോട്ടൊക്കെയോ പോകുന്നു...ഇതൊരു വേഗത കൂടിയ  ലോകം ആണ്... അതിന്ടെ  ഇടയില്‍ കാലിടറാതെ പോകതെയിരിക്കാന്‍ ഇങ്ങനെ ചില തണല്‍ മരങ്ങളും വേണം.. വെട്ടി  നിരത്തിയ മരങ്ങളുടെ കൂട്ടത്തില്‍ പേരിനെങ്കിലും രണ്ടു മരങ്ങളുന്ടെങ്കില്‍ അതായാലും മതി ...
ഈ പാഞ്ഞു പോകുന്ന കൂട്ടത്തിനിടയില് നിന്നും കുറച്ചു നേരം ഞാനിവിടെ ഇരിക്കട്ടെ...
ഈ രാത്രി ഇവിടെ തീര്‍ന്നു തുടങ്ങുകയായി...
ഉറക്കം-- ഒരു നേര്‍ത്ത വരമ്പാണ്‌ ... സ്വപ്നങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും ഇടയിലുള്ള നേര്‍ത്തൊരു വരമ്പ് ...   
ഉറങ്ങാന്‍ പോകുകയാണ്  ... പുതു പ്രതീക്ഷയുടെ പുതിയൊരു പുലരിയ്ക്ക് വേണ്ടി...
ശുഭരാത്രി....